ശംഖുംമുഖം:
ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന ആദ്യ റോക്കറ്റ് തുമ്പയില്‍ നിന്ന് പറന്നുയര്‍ന്നിട്ട് ഇന്ന് 58 വര്‍ഷം. അമേരിക്കന്‍ നിര്‍മിത സൗണ്ടിങ് റോക്കറ്റ് നീക്ക് അപ്പാഷെ ആണ് 1963 നവംബര്‍ 21ന് തുമ്പയിലെ പള്ളിമുറ്റത്തുനിന്ന് പറന്നുയര്‍ന്നത്. റോക്കറ്റ് നാസയുടേതും പരീക്ഷണദൗത്യം ഫ്രാന്സിൻ്റെതുമായിരുന്നു.
സൈക്കിളിലും തലച്ചുമടായും റോക്കറ്റിൻ്റെ ഭാഗങ്ങള്‍ എത്തിച്ച് കൂട്ടിയിണക്കി പള്ളിത്തുറ സെൻറ് മേരി മഗ്ദലിന്‍ പള്ളിയുടെ തുറസായ പരിസരത്തെ തെങ്ങുകളില്‍ ഘടിപ്പിച്ചായിരുന്നു റോക്കറ്റുകളുടെ ക്ഷമത പരിശോധിച്ചിരുന്നത്. പരിമിതമായ സാഹചര്യങ്ങളിലായിരുന്നുവെങ്കിലും വിക്ഷേപണം വിജയം കണ്ടു. പിന്നീടുണ്ടായ വളര്‍ച്ച ചരിത്രമാണ്.
രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്ക് ഊന്നല്‍ നല്കി സ്ഥിരതയോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്ക്കുമ്പോൾ ഇന്ത്യന്‍ വിക്ഷേപണ ചരിത്രത്തിലുള്ള അപ്പാെഷയുടെ പ്രാധാന്യം ചെറുതല്ല. അപ്പാഷെയുടെ വിജയത്തിന് പിന്നാലെ നാലുവര്‍ഷം കൂടി പിന്നിട്ടതോടെ ഇന്ത്യന്‍ നിര്‍മിത റോക്കറ്റ് തുമ്പയില്‍നിന്ന് പറന്നു.
ഒരു മീറ്റര്‍ നീളവും ഏഴുകിലോയില്‍ താഴെ ഭാരവുമുള്ള രോഹിണി-75, 1967 നവംബര്‍ 20 തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു. 1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തില്‍ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് (ടെര്ല്സ്) സ്ഥാപിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (ഇന്‍കോസ്പാര്‍) തീരുമാനിച്ചത്.