Sun. Jan 19th, 2025
ആന്ധ്രാപ്രദേശ്:

ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 പേർ മരിക്കുകയും നൂറോളം പേർ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികൾ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. മൂന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം 12 പേർ മരിച്ചിരുന്നു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.