അഞ്ചൽ:
പനയഞ്ചേരി അർപ്പിത ആശ്രയകേന്ദ്രത്തിലെ അന്തേവാസികളെ വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുജാ ചന്ദ്രബാബു എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇവിടുത്തെ അന്തേവാസിയായ വയോധികയെ സ്ഥാപനത്തിന്റെ ചെയർമാൻ മർദ്ദിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെയാണ് സ്ഥാപനം നടത്തുന്നതെന്നും ഇത്തരത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഷാഹിദാ കമാൽ പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാളാണ് പ്രാർത്ഥന സമയത്ത് ഉറക്കം തൂങ്ങിയെന്നു പറഞ്ഞ് വയോധികയെ ചെയർമാൻ മർദ്ദിക്കുന്ന വീഡിയോ പുറത്തുവിട്ടത്. അഞ്ചൽ പൊലീസും മനുഷ്യാവകാശ കമീഷനും സ്ഥാപന മേധാവിക്കെതിരെ കേസെടുത്തിരുന്നു.
അന്തേവാസികളെ മർദ്ദിച്ച അർപ്പിത ആശ്രയകേന്ദ്രം നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുക, അന്തേവാസികളെ അംഗീകൃത കേന്ദ്രങ്ങളിൽ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുയർത്തി എഐവൈഎഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രയകേന്ദ്രത്തിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിക്ഷേധയോഗം സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.