Thu. Jan 23rd, 2025
ദില്ലി:

ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാം. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം അംഗീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റുചെയ്തത്. ജാദവിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നു.

2017 ലാണ് ചാരവൃത്തി ആരോപിച്ച് മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്‍തു.

നിയമപരമായ എല്ലാ അവകാശവും ഉറപ്പാക്കണമെന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാനുള്ള അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ കുൽഭൂഷൺ അപ്പീൽ നല്‍കാന്‍ വിസമ്മതിച്ചു എന്നായിരുന്നു പാക് അവകാശവാദം.