Mon. Dec 23rd, 2024
ചങ്ങനാശേരി:

കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനെ തുടർന്ന്, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് ഉയർന്നുതന്നെ തുടരുന്നു. എസി റോഡ്, നക്രാൽ പുതുവൽ, ഇരൂപ്പാ, മനയ്ക്കച്ചിറ, എസി കോളനി, കാക്കാംതോട്, വെട്ടിത്തുരുത്ത്, പറാൽ തുടങ്ങിയ മേഖലകളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം രാത്രി എസി റോഡിലൂടെയുള്ള ചങ്ങനാശേരി ആലപ്പുഴ ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ആലപ്പുഴയ്ക്ക് തിരുവല്ല ആമ്പലപ്പുഴ വഴി രണ്ട് സർവീസ് ചങ്ങനാശേരി ഡിപ്പോയിൽനിന്ന്‌ നടത്തുന്നുണ്ട്. മനയ്ക്കച്ചിറ, എസി പ്ലാന്റ്, ഒന്നാംങ്കര എന്നിവിടങ്ങളിലാണ് ജലനിരപ്പ് കൂടുതൽ. ഡിപ്പോ അധികൃതർ റൂട്ടിൽ പരിശോധന നടത്തിയിരുന്നു. ജലനിരപ്പ് താഴുന്നതിനനുസരിച്ച് സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയോതോടെ, ചങ്ങനാശേരി നഗരസഭ ടൗൺ ഹാളിലാണ് താലൂക്കിലെ ക്യാമ്പ് പ്രവർത്തിക്കുന്നത്. രണ്ട് ദിവസം മുൻപ് ആരംഭിച്ച ക്യാമ്പിൽ ആദ്യം ഇരുപ്പാ നിവാസികളായ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഇരുപ്പയിലെ മറ്റ് നിവാസികളും ക്യാമ്പിലെത്തി. നിലവിൽ 9 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടെ 15 പേർ ക്യാമ്പിലുണ്ട്.

എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന്, ബസ് സർവീസ് നിർത്തിയതോടെ, ചങ്ങനാശേരി ബോട്ട് സർവീസ് സജീവമായി. പടിഞ്ഞാറൻ മേഖലയിലേക്ക് പോകാനായി, ബോട്ടിനെയാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. രണ്ട് ബോട്ടാണ് സർവീസ് നടത്തിയിരുന്നത്.

ഒന്നിന്‌ സാങ്കേതിക തകരാറുമൂലം ഇപ്പോൾ ഒരു ബോട്ട്‌ സർവ്വീസേയുള്ളൂ. ദിവസവും രാവിലെ 6 മുതൽ 8.30 വരെയാണ് സർവീസ്. എട്ട്‌ സർവീസ് നടത്തിയിരുന്ന ബോട്ട് ഇപ്പോൾ 18 സർവീസാണ് നടത്തുന്നത്.