മുംബൈ:
വിവാദപരാമർശവുമായി ബോളിവുഡ് നടി കങ്കണ റണാവത് വീണ്ടും. സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ഗാന്ധിജിയുടെ അഹിംസ മന്ത്രം ഇന്ത്യക്ക് നേടിത്തന്നത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്നും കങ്കണ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അടച്ചാക്ഷേപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ മുൻ പരാമർശത്തിനെതിരായ പ്രതിഷേധം ശക്തമായതിനിടെയാണ് അടുത്തത്. നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു. ‘നേതാജിയെ കൈമാറാൻ ഗാന്ധിയും മറ്റുള്ളവർക്കൊപ്പം നിന്നു’ എന്ന ശീർഷകത്തിലുള്ള പഴയ പത്ര ക്ലിപ്പിങ്ങും കങ്കണ പങ്കുവെച്ചു.
സുഭാഷ്ചന്ദ്രബോസ് രാജ്യത്തെത്തിയാൽ പിടിച്ചുനൽകാമെന്ന് ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും ബ്രിട്ടീഷ് ജഡ്ജിയുമായി ധാരണയിലെത്തിയിരുന്നെന്ന് ആ പത്ര റിപ്പോർട്ട് പറയുന്നു. ‘നിങ്ങള്‍ ഗാന്ധി ആരാധകനോ, അതോ നേതാജി അനുകൂലിയോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരുപോലെ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തിരഞ്ഞെടുക്കൂ തീരുമാനിക്കൂ’ -സസ്പെൻഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടിലെ പത്ര ക്ലിപ്പിങ്ങിൻ്റെ കാപ്ഷനിൽ ആരോപിക്കുന്നു.
ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്ന് നമ്മെ പഠിപ്പിച്ചവരിൽ ഒരാളാണ് ഗാന്ധിജി. ഇതുകൊണ്ട് എങ്ങനെ സ്വാതന്ത്ര്യം കിട്ടും. ഇങ്ങനെ കിട്ടുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും അവർ പറഞ്ഞു. അതേസമയം, സ്വാതന്ത്ര്യമല്ല, ഭിക്ഷയാണെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി മുംബൈ ഘടകം കങ്കണക്ക് വക്കീൽ നോട്ടീസ് അയച്ചു.