കോട്ടയം:
കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും ജില്ലയുടെ കാർഷികമേഖലയിലുണ്ടായത് 80 കോടിയുടെ നഷ്ടം. ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞദിവസംവരെയുള്ള കൃഷിവകുപ്പിൻറെ പ്രാഥമിക കണക്കനുസരിച്ച് 14,289.93 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമാണ് കനത്തനാശം വിതച്ചത്.
ഇതിനുപിന്നാലെയുണ്ടായ പ്രളയത്തിലും വലിയതോതിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി. 16,078 കർഷകർക്കാണ് നഷ്ടങ്ങളുണ്ടായത്. മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി അഞ്ഞൂറ് എക്കറോളം കൃഷിഭൂമി ഒലിച്ചുപോയതായും വകുപപ്പിൻറെ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ഗർത്തമായും മണ്ണ് കൂനയായും ഇവിടത്തെ കൃഷിഭൂമി മാറി.
കൂട്ടിക്കൽ, എരുമേലി, മുണ്ടക്കയം, കോരുത്തോട് അടക്കമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഏറ്റവും അധികം കൃഷി ഭൂമി ഒലിച്ചുപോയത്. ഇവിടെ 456.60 ഏക്കർ ഭൂമിയാണ് ഇല്ലാതായത്. ഉരുൾപൊട്ടലിൽ പലരുടെയും കൃഷിയിടങ്ങൾ കൊക്കപോലെയായി. പ്ലാപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, കാവാലി, മ്ലാക്കര മേഖലകളിലായി നിരവധി ഏക്കർ ഭൂമി പുല്ലകയാറ്റിൽ ഒഴുകിയെത്തി.
ഈ പ്രദേശങ്ങളിലൊന്നും ഇനി കൃഷി സാധ്യമല്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. മണ്ണ് നീക്കാൻ പോലും കഴിയാത്ത സാഹചര്യമായതിനാൽ ഭൂമി തന്നെ ഉപേക്ഷിക്കണമെന്നും ഇവർ പറയുന്നു. പൂർണമായി ഇല്ലാതായതിനൊപ്പം വലിയതോതിൽ മേൽമണ്ണ് ഒലിച്ചുപോയ കൃഷിയിടങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഉടൻ കൃഷി സാധ്യമാകില്ലെന്നും കർഷകർ പറയുന്നു.
മലയോരമേഖലക്കൊപ്പം ജില്ലയുടെ പടിഞ്ഞാൻ മേഖലയും മഴ നാശംവിതച്ചു. നെല്ലുകൾ കൊയ്യാനാകാതെയും ഒരുക്കിയ പാടത്ത് കൃഷിയിറക്കാനാവാതെയും അപ്പർകുട്ടനാട്ടിലെ നിരവധി കർഷകരാണ് ദുരിതത്തിലായത്. വിവിധ പാടങ്ങളിലായി കൊയ്യാറായ അയ്യായിരം ഏക്കറിലാണ് വെള്ളം കയറിയത്. ചില പാടങ്ങളിൽ കതിർ ഒടിഞ്ഞ് വീണു.
വെള്ളം തുടർച്ചയായി കെട്ടി നിന്നതുമൂലം നെൽച്ചെടി അഴുകുന്നുമുണ്ട്. വൈക്കം, ഏറ്റുമാനൂർ ബ്ലോക്കുകളിലെ 1200 ഏക്കർ വിതയാണ് നശിച്ചത്. 51 പാടത്ത് മടവീണു, 20 പാടത്ത് പെട്ടി, പറ മോട്ടോറുകൾ നശിച്ചു. 10 പാടത്തെ റിങ് ബണ്ട് നശിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്കിൽ 125 ഏക്കറിൽ കൃഷിക്കായി ഒരുക്കിയ നിലം നശിച്ചു.