Mon. Dec 23rd, 2024
പൂപ്പാറ:

ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു.  ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജയ്ക്കും സന്ധ്യയ്ക്കും പരുക്കേറ്റത്. പൂപ്പാറ ആനയിറങ്കലിന് സമീപം മൂലത്തറയിൽ വച്ചാണ് സംഭവമുണ്ടായത്.

ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുൻപേ പോയ മറ്റു രണ്ട് സ്ത്രീകളെ ആക്രമിക്കാനായി തിരിഞ്ഞോടിയതോടെയാണ് മൂവർസംഘം രക്ഷപ്പെട്ടത്. കാട്ടാനകൾ സ്ഥിരമായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു.

ആഴ്ചകൾ മുൻപ് ഈ വഴിയിൽ ബൈക്കിലൂടെ പോകുകയായിരുന്ന ദമ്പതികളെ ആന ആക്രമിക്കുകയും ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു.