തൈക്കൂടം: ചമ്പക്കര പഴയ പാലത്തിന്റെ പൊളിച്ചുനീക്കാത്ത അവശിഷ്ടവും കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതും യാത്രക്കാരെ ഭീതിയിലാക്കുന്നു. ചമ്പക്കരയിൽ മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പാലങ്ങൾ നിർമ്മിക്കുകയും പഴയ പാലത്തിന്റെ ഒരു ഭാഗം ജീർണ്ണാവസ്ഥയിൽ നീക്കം ചെയ്യാതെ നിലനിർത്തിയിരിക്കുകയുമാണ്. കൂടാതെ പാലത്തിനടിയിൽക്കൂടി പോകുന്ന കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു കിടക്കുന്നത് വീതി കുറവായ റോഡിലൂടെയുള്ള യാത്ര അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
കൊച്ചി മെട്രോ പദ്ധതിയിൽ ഉൾപ്പെട്ട ചമ്പക്കര കനാലിനു കുറുകെയുള്ള പുതിയ പാലങ്ങളിൽ ആദ്യത്തേത് 2019 മെയ് മാസത്തിലും രണ്ടാമത്തേത് ഒക്ടോബർ 2020-ലുമാണ് പൂർത്തിയാക്കിയത്. ഡിഎംആർസി ഈ നിർമ്മാണത്തോടെ കൊച്ചി മെട്രോ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ പുതുതായി രൂപംകൊണ്ട കൊച്ചി മെട്രോ ലിമിറ്റഡിനെ ഏല്പിക്കുകയുമായിരുന്നു. എന്നാൽ നാളിതുവരെ പഴയ പാലം പൂർണമായി നീക്കം ചെയ്യാനോ, പദ്ധതിയുടെ ഭാഗമായിരുന്ന കനാൽ റോഡ് വികസിപ്പിക്കാനോ കനാലിൽ പുറന്തള്ളിയിരിക്കുന്ന നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ അധികാരികളുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല.
അധികൃതരുടെ അനാസ്ഥമൂലമുള്ള ബുദ്ധിമുട്ടുകളെപ്പറ്റി പ്രദേശവാസിയായ ദേവസ്സി പറയുന്നു. “പഴയ പാലം ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന സംഭവമാണ്. ഈ കനാൽ റോഡിന്റെ സംരക്ഷണ ഭിത്തിയൊക്കെ ഇവിടെ പൊളിഞ്ഞ് കിടക്കുവാണ്. കൗൺസിലർ ഒക്കെ വന്ന് ഇവിടെ മീറ്റിംഗ് കൂടി അന്ന് പേപ്പറിലൊക്കെ ഇട്ടതാണ്. പേപ്പറിൽ വന്നുകഴിഞ്ഞപ്പോ മെട്രോയിലെ ആൾക്കാർ വന്ന് നോക്കിപ്പോവും. അല്ലാതെ അവരൊന്നും ചെയ്യുന്നുമില്ല തിരിഞ്ഞു നോക്കുന്നുമില്ല.”
നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഡിഎംആർസിയും അതിനുശേഷം വന്ന കെഎംആർഎല്ലും കൊച്ചിൻ കോർപറേഷനും പ്രശ്നത്തിന് പരിഹാരം കാണാൻ നടപടികളൊന്നും എടുക്കുന്നില്ലെന്ന് പ്രദേശത്തെ ജനകീയ കൂട്ടായ്മയായ ഫോർ ദി പീപ്പിൾ പ്രസിഡന്റ് ജെയിംസ് മാത്യു പറയുന്നു. “പാലത്തിന്റെ നിർമ്മാണ സമയത്ത് ഞങ്ങളുമായിട്ട് ഡി എം ആർ സി യുടെ ചീഫ് എഞ്ചിനീയർ കേശവ ചന്ദ്രൻ സർ വാക്കാൽ നൽകിയ ഉറപ്പ് പ്രകാരം പണി പൂർത്തിയായാൽ ഉടനെ തന്നെ ഈ വേസ്റ്റും എല്ലാം ഇവിടുന്ന് നീക്കും എന്നായിരുന്നു. പക്ഷേ അവർ ആ വാക്ക് പാലിച്ചിട്ടില്ല.”
പാലത്തിന്റെ അടിയിലുള്ള സ്ഥലത്ത് ഒരു ഓപ്പൺ ജിമ്മും പാർക്കും നിർമ്മിക്കാൻ കോർപറേഷൻ പദ്ധതി ഇട്ടിരിക്കുന്നതാണെന്നും സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുന്ന കാര്യത്തിൽ ഇറിഗേഷൻ വകുപ്പും കെഎംആർഎല്ലും കൂടി സഹകരിക്കണമെന്നും വാർഡ് കൗൺസിലർ സുനിത ഡിക്സൺ പറയുന്നു. “പാലത്തിന്റെ അടിയിലുള്ള സ്പേസിൽ ഒരു ഓപ്പൺ ജിമ്മും പാർക്കും നിർമ്മിക്കാമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. മൺതിട്ട ഇടിഞ്ഞു പോകുന്ന കാര്യം കൊച്ചിൻ കോർപറേഷന് മാത്രമായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന ഒന്നല്ല. അവിടെ ഇറിഗേഷനും കെഎംആർഎലും എല്ലാവരും ചേർന്നാലേ നടക്കുകയുള്ളൂ. വലിയൊരു ഫണ്ട് അവിടെ ഇറക്കേണ്ടി വരും. അപ്പൊ അവരെല്ലാം കൂടിയുള്ള ചർച്ച നമ്മൾ തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ രണ്ട് നടപടികളും അവിടെ പൂർത്തീകരിക്കണം.”