Fri. Mar 29th, 2024
സർക്കാരിന്റെ അനാസ്ഥയിൽ നശിച്ച് കുഴിപ്പിള്ളി ആരോഗ്യ കേന്ദ്രം

കുഴിപ്പിള്ളി: പ്രവർത്തനം നിലച്ച് പതിനേഴ് വർഷമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. എറണാകുളം ജില്ലയിലെ കുഴിപ്പിള്ളിയിൽ 2004 മുതൽ പ്രവർത്തിക്കാതെ ഉപയോഗശൂന്യമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രവർത്തിച്ചുപോന്ന കേന്ദ്രം സുനാമി മൂലമുണ്ടായ നാശത്തിനു ശേഷം പ്രവർത്തിക്കുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സാ സൗകര്യം ലഭ്യമാക്കിയിരുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഇനിയും വൈകാതെ പുനരാരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

2004-ൽ നേരിട്ട സുനാമി ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നെന്നും അതിനു മുൻപ് വളരെ ഭംഗിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കേന്ദ്രമായിരുന്നു ഇതെന്നും പ്രദേശവാസികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുകയും അനേകം വിനോദ സഞ്ചാരികൾ ദിവസേന എത്തുകയും ചെയ്യുന്ന പ്രദേശത്ത് ആരോഗ്യ സംവിധാനം അനിവാര്യമാണെന്നും പഞ്ചായത്തും സർക്കാരും വിമുഖത കൂടാതെ അടിയന്തരമായി കേന്ദ്രം പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെടുന്നു. 

 

നിലവിലെ സാഹചര്യത്തിൽ പ്രദേശവാസികൾ ചികിത്സാ ആവശ്യങ്ങൾക്ക് അയ്യമ്പിള്ളി സർക്കാർ ആശുപത്രിയേയും, സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. സബ് സെന്ററിന്റെ പുനരുജ്ജീവനം സാധ്യമായിട്ടും ചെറിയ ആവശ്യങ്ങൾക്കുപോലും നാലും അഞ്ചും കിലോമീറ്ററുകൾ സഞ്ചരിച്ച് വൈദ്യസഹായം നേടേണ്ട സാഹചര്യമാണ് പ്രദേശവാസികൾക്കുള്ളത്.  കുഴിപ്പിള്ളിയുടെ വിനോദ സഞ്ചാര മേഖലയിലുള്ള മുന്നേറ്റവും ജനസാന്ദ്രതയും കണക്കിലെടുത്ത് പ്രാഥമിക വൈദ്യസഹായങ്ങൾ നൽകാൻ കഴിയുന്ന ഡോക്ടർ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. 

 

ഹെൽത്ത് സബ്‌ സെന്റർ കെട്ടിടം പുനർനിർമിക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതിയുണ്ടെന്നും ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തകർ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും വാർഡ് കൗൺസിലർ വിപിന പറഞ്ഞു. പദ്ധതി തുക 68 ലക്ഷം രൂപയാണെന്നും കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്ത് അതിനുവേണ്ട ശ്രമങ്ങൾ വീഴ്ച കൂടാതെ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. 

Instagram will load in the frontend.