Wed. Nov 6th, 2024
കാസർകോട്‌:

നഗരം ശുചീകരിക്കാൻ പലയിടത്തുനിന്നായി എത്തിയവരുടെ കുടുംബം താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ട്‌. കാസർകോട്‌ നഗരസഭയുടെ അധീനതയിൽ പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപം അമെയ്‌ കോളനിയിൽ താമസിക്കുന്ന 11 കുടുംബമാണ്‌ ഇപ്പോഴും ദുരിതംപേറുന്നത്‌.
1958ൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നഗരം ശുചീകരിക്കാനെത്തിയവർക്ക്‌ താമസിക്കാൻ നഗരസഭ നൽകിയ ഭൂമിയാണിത്‌.

താൽകാലിക ഷെഡ്ഡുണ്ടാക്കി താമസമാരംഭിച്ചവർ മക്കളും മക്കളുടെ മക്കളുമായതോടെ സ്വന്തംചെലവിൽ മേൽക്കൂര ഓടിട്ട്‌ വിപുലപ്പെടുത്തി. മക്കളോ ചെറുമക്കളോ ആണ്‌ ഇപ്പോൾ ഇവിടെ കഴിയുന്നത്‌. പട്ടയം ലഭിക്കാനായി സിപിഐ എം നേതൃത്വത്തിൽ കലക്ടർക്കും റവന്യു മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

നടപടി ആരംഭിച്ചെങ്കിലും മെല്ലെപ്പോക്ക്‌ തുടരുകയാണ്‌. നഗരസഭയാണ്‌ നടപടി ആരംഭിക്കേണ്ടത്‌. കുട്ടികൾ ഉൾപ്പെടെ അറുപതോളംപേർ ഇവിടെ താമസിക്കുന്നു.

റേഷൻകാർഡ്‌, തിരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്‌, ആധാർ കാർഡ്‌ തുടങ്ങിയവ രേഖകൾ കൈവശമുണ്ട്‌. സ്വന്തംപേരിൽ ഭൂമിയില്ലാത്തതിനാൽ സർക്കാരിന്റെയോ നഗരസഭയുടെയേ ആനുകൂല്യം കിട്ടുന്നില്ല. ക്ഷേമപെൻഷൻ മാത്രമാണ്‌ പലരുടെയും പ്രധാന വരുമാനം.

ഭർത്താവ്‌ മരിച്ച ആറ്‌ കുടുംബങ്ങളെ വീട്ടമ്മമാരാണ്‌ മുന്നോട്ട്‌ നയിക്കുന്നത്‌. വാർഡിനെ പ്രതിനിധീകരിച്ചുവരുന്ന ബിജെപി കൗൺസിലർമാരാകട്ടെ ഇവരുടെ ദുരിതം കണ്ടില്ലെന്ന്‌ നടിക്കുന്നു. പട്ടയം ലഭിച്ചാൽ ലൈഫ്‌ പദ്ധതിയിൽ അടച്ചുറപ്പുള്ള വീട്‌ നിർമിക്കാമെന്ന പ്രതീക്ഷയിലാണിവർ.