Thu. Apr 25th, 2024
ക​രി​പ്പൂ​ർ:

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്​ പ​രി​ഷ്​​കാ​ര​ത്തി​​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ജൂലൈ ഒ​ന്നി​നാ​ണ്​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്​ പ​രി​ഷ്​​കാ​ര​തത്തിൻറെ ഭാ​ഗ​മാ​യി ക​രി​പ്പൂ​രി​ലും ഇ​ത്​ ന​ട​പ്പാ​ക്കി​യ​ത്. ഇ​തോ​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും ഉ​ണ്ടാ​യി​രു​ന്ന ടോ​ൾ ബൂ​ത്തു​ക​ൾ ഇ​ല്ലാ​താ​യി.

ഇ​തി​ന്​ പ​ക​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടെ​ർ​മി​ന​ലി​ന്​ മു​ന്നി​ൽ യാ​ത്ര​ക്കാ​രെ സൗ​ജ​ന്യ​മാ​യി ഇ​റ​ക്കു​ക​യോ ക​യ​റ്റു​ക​യോ ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. പ​ര​മാ​വ​ധി മൂ​ന്ന്​ മി​നി​റ്റ്​ സ​മ​യ​മാ​ണ്​ ഇ​തി​ന്​ അ​നു​വ​ദി​ച്ച​ത്. മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ 500 ​രൂ​പ​യാ​ണ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്​ പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ​യാ​ണ്​ വ്യാ​പ​ക​വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. കൂ​ടാ​തെ, മൂ​ന്ന്​ മി​നി​റ്റി​ന് ശേ​ഷം ക​രാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രോ​ടും വാ​ഹ​ന ഉ​ട​മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പി​ക്ക​പ്പ്​ ആ​ൻ​ഡ്​​ ഡ്രോ​പ്പി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​​മെ​ന്നാ​ണാ​വ​ശ്യം. അ​തേ​സ​മ​യം, നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ച്ച വാ​ഹ​ന​ങ്ങ​ള്‍ക്ക് 15 മി​നി​റ്റ്​ സ​മ​യ​ത്തേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു സൗ​ജ​ന്യ പാ​ര്‍ക്കി​ങ്. ശേ​ഷം 85 രൂ​പ​യാ​യി​രു​ന്നു ഫീ​സ്‌ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ഇ​പ്പോ​ള്‍ സ​മ​യ ദൈ​ര്‍ഘ്യം 30 മി​നി​റ്റാ​യി ഉ​യ​ര്‍ത്തു​ക​യും ഫീ​സ്‌ 20 രൂ​പ​യാ​യി കു​റ​ക്കു​ക​യും ചെ​യ്തി​ട്ടുണ്ടെന്നാണ്​ അ​തോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കാ​നും ഡ​യ​റ​ക്ട​റോ​ട് നി​ര്‍ദേ​ശി​ച്ചി​ട്ടുട്ടണ്ട​ന്ന്​ എം​കെ രാ​ഘ​വ​ൻ എംപി പ​റ​ഞ്ഞു.