ന്യൂഡൽഹി:
ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഹൈകോടതി മുൻ ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. പഞ്ചാബ്-ഹരിയാന ഹൈകോടതി മുൻ ജഡ്ജി രാകേഷ് കുമാർ ജയിനാണ് അന്വേഷണ ചുമതല. ഇതോടൊപ്പം പ്രത്യേക അന്വേഷണ സംഘത്തെ പുന:സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്ബി ശിരോദ് കുമാര്‍, ദീപീന്ദര്‍ സിങ്, പദ്മജാ ചൗഹാന്‍ എന്നീ ഉത്തര്‍പ്രദേശിന് പുറത്തുനിന്നുളള ഐപിഎസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായ കേസ് അന്വേഷിക്കാൻ യുപി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലഖിംപുർ ഖേരിയിൽനിന്നുതന്നെയുള്ള എസ്ഐ റാങ്കിൽപെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്.
കേസില്‍ യുപി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയെ നിയമിക്കാനും പ്രത്യേക അന്വേഷണ സംഘത്തിൽ സംസ്ഥാനത്ത് പുറത്തുനിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും സുപ്രീംകോടതി തീരുമാനിച്ചത്. അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ മുതിരുന്നത് എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ യു പി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നില്ല. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍മാത്രമാണ് കണ്ടെത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാല് കര്‍ഷകർ ഉൾപ്പടെ എട്ട് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.