ന്യൂഡൽഹി:
രാകേഷ് ജുൻജുൻവാലയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പുതിയ വിമാന കമ്പനി ആകാശ എയർ 72 വിമാനങ്ങൾക്ക് ഓർഡർ നൽകി. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ. ഒമ്പത് ബില്യൺ ഡോളറിൻ്റെതാണ് ഇടപാട്.
ബോയിങ് 737 മാക്സ് വിമാനങ്ങളുടെ വിലക്ക് ഡി ജി സി എ നീക്കിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള വിമാന കമ്പനി ഇത്രയും വലിയ ഓർഡർ നൽകുന്നത്. അഞ്ച് മാസങ്ങൾക്കിടെ നടന്ന രണ്ട് അപകടങ്ങളിൽ 346 പേർ മരിച്ചതിനെ തുടർന്നാണ് 737 മാക്സ് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്ക് ഏർപ്പെടുത്തുന്നത്. വിമാനവിലക്ക് ഏകദേശം രണ്ട് വർഷം നീണ്ടു നിന്നിരുന്നു.
രാകേഷ് ജുൻജുൻവാലക്കൊപ്പം ഇൻഡിഗോ, ജെറ്റ് എയർവേയ്സ് കമ്പനികളുടെ മുൻ മേധാവിമാരാണ് വിമാന കമ്പനിക്കായി അണിനിരക്കുന്നത്. ആഭ്യന്തര സർവീസുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ജുൻജുൻവാലയുടെ നിലവിലെ പദ്ധതി. ആകാശ എയറിന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. അടുത്ത വർഷത്തോടെ കമ്പനി പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.