Wed. Nov 6th, 2024
യാംഗോൺ:

11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് മ്യാൻമർ ജയിലിൽ കഴിഞ്ഞുവന്ന യു എസ്​ മാധ്യമ പ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ മോചനം. അദ്ദേഹത്തിന്‍റെ തൊഴിലുടമയും യു എന്നിലെ മുൻ അമേരിക്കൻ അംബാസഡറുമായ ബിൽ റിച്ചാർഡ്‌സൺ ആണ്​ വാർത്ത സ്​ഥിരീകരിച്ചത്​.

മ്യാൻമറിൽ വെച്ച് ഫെൻസ്റ്ററിനെ തനിക്ക് കൈമാറിയിട്ടുണ്ടെന്നും ഉടൻ തന്നെ ഖത്തർ വഴി നാട്ടിലേക്ക് പോകുമെന്നും ബിൽ റിച്ചാർഡ്‌സൺ പറഞ്ഞു. അടുത്തിടെ മ്യാൻമർ സന്ദർശന വേളയിൽ മ്യാൻമറിന്‍റെ സൈനിക ഭരണാധികാരി ജനറൽ മിൻ ഓങ് ഹ്ലെയിങ്ങുമായി ചർച്ച നടത്തിയപ്പോൾ ഫെൻസ്റ്ററിന്‍റെ മോചനം സംബന്ധിച്ച് താൻ സംസാരിച്ചിരുന്നതായി റിച്ചാർഡ്‌സൺ പറഞ്ഞു. ഇമ്മിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിനാണ്​ ഫെൻസ്റ്റർ മ്യാൻമറിൽ അറസ്റ്റിലാകുന്നത്​.

തടവിലാക്കപ്പെട്ട ഇദ്ദേഹത്തിനെതിരെ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും മ്യാൻമർ ചുമത്തി. കേസിൽ ശിക്ഷിക്കപ്പെട്ടാൻ മാധ്യമ പ്രവർത്തകൻ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. മെയ്​ മാസത്തിൽ രാജ്യം വിടാനൊരുങ്ങവെയാണ്​ ഡാനി ഫെൻസ്റ്റർ (37) എന്ന മാധ്യമപ്രവർത്തകൻ പിടിയതിലാകുന്നത്​.

യാംഗൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ മാസികയായ ഫ്രോണ്ടിയർ മ്യാൻമറിന്‍റെ മാനേജിങ്​ എഡിറ്ററാണ്​ ഫെൻസ്റ്റർ. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനുമാണ്​ ഇദ്ദേഹം പിടിയിലായത്​. ഇതിന്‍റെ വിചാരണ തുടരവെയാണ്​ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തിയതെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ താൻ സോ ഓങ് പറഞ്ഞിരുന്നു.