Mon. Dec 23rd, 2024
ന്യൂഡൽഹി:

സി എ ജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസംവിധാനത്തിൽ സിഎജി അഭിവാജ്യ ഘടകമാണെന്നും രാജ്യത്തിന്‍റെ വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ആദ്യ ഓഡിറ്റ് ദിവസ് ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പല സ്ഥാപനങ്ങൾക്കും പ്രസക്തി നഷ്ടമാകുമ്പോഴും സിഎജിയുടെ പ്രാധാന്യം കൂടി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ സർക്കാർ ഉദ്യോഗസ്ഥർ സിഎജിയെ സംശയത്തോടെയും ഭീതിയോടുമാണ് കണ്ടിരുന്നത്. ഈ മനോഭാവത്തിന് ഇന്ന് മാറ്റം വന്നു. സിഎജി കുറ്റങ്ങളും വീഴ്ചയും കണ്ടുപിടിക്കുന്ന സ്ഥാപനമായിട്ടാണ് ചില ഉദ്യോഗസ്ഥർ നേരത്തെ കണ്ടിരുന്നത്. മുൻ സർക്കാരിന്‍റെ അഴിമതി പുറത്ത് കൊണ്ടുവരാൻ സിഎജിയ്ക്ക് കഴിഞ്ഞു.

പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമാണ് പരിഹാരവും കണ്ടെത്താൻ കഴിയുക. സിഎജിയുടെ കണ്ടെത്തൽ രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് സഹായകരമാണ്. വേറിട്ടൊരു കാഴ്ചയാണ് സിഎജി നൽകുന്നത്. സിഎജിയ്ക്ക് കനപ്പെട്ട ഉത്തരവാദിത്തമാണ് ഉള്ളതെന്നും മോദി പറഞ്ഞു.