Mon. Dec 23rd, 2024
ആലപ്പുഴ:

ചേര്‍ത്തലയില്‍ സൈനികന് ലോക്കപ്പ് മര്‍ദ്ദനമെന്ന് പരാതി. പത്തനാപുരം സ്വദേശി ജോബിന്‍ സാബുവിനെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ മർദ്ദിച്ച കേസിലെ പ്രതിയാണ് ജോബിന്‍.

റിമാന്‍ഡിലായ ജോബിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സൈനികരെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല ഹൈവേ പൊലീസ് പട്രോളിങ് സംഘം പരിശോധനയ്ക്കിടെ ഒരു വാഹനം തടഞ്ഞുനിര്‍ത്തിയത്.

വാഹനത്തിന് അമിതവേഗതയായിരുന്നെന്നും മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും പറഞ്ഞാണ് തടയാന്‍ ശ്രമിച്ചത്. എന്നാല്‍ വാഹനമോടിച്ചവര്‍ നിര്‍ത്താതെ പോയതോടെ ചേസ് ചെയ്ത് നിര്‍ത്തിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളാണ് സൈനികനായ ജോബിന്‍.

വാഹനം നിര്‍ത്തിച്ചതോടെ ജോബിന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് എസ്‌ഐ ജോസി സ്റ്റീഫനെ മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്, പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ് എന്നിവരാണ് എസ്‌ഐയെ മര്‍ദിച്ച മറ്റുപ്രതികള്‍.

കസ്റ്റഡിയിലെടുത്ത ദിവസം വൈകുന്നേരമാണ് ജോബിനെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ അതിനുമുന്‍പായി ലോക്കപ്പില്‍ വെച്ച് ക്രൂരമായി പൊലീസ് മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റിമാന്‍ഡിലായ സൈനികനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതിയില്ല. മര്‍ദനമേറ്റ ജോബിന് നടക്കാന്‍ പോലും കഴിയാത്ത നിലയിലാണെന്ന് ബന്ധു പ്രകാശ് പറഞ്ഞു.