ബ്രസൽസ്:
യൂറോപ്പിലേക്ക് അഭയാർഥികളെ ‘കയറ്റിവിടുന്ന’ ബെലറൂസ് ഭരണകൂടത്തിനെതിരായ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി യൂറോപ്യൻ യൂനിയൻ (ഇ യു) കൂടുതൽ ഉപരോധമേർപ്പെടുത്തുന്നു. വിവാദ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോക്കും ഭരണകൂടത്തിലെ ഉന്നതർക്കുമെതിരെ ഇ യു ഏർപ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്.
അഭയാർഥികളെ യൂറോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന വിമാനക്കമ്പനികൾ, ട്രാവൽ ഏജൻറുമാർ, മറ്റു സഹായികൾ എന്നിവരെ കൂടി ഉൾപ്പെടുത്തി ഉപരോധം വിപുലമാക്കാൻ ബ്രസൽസിൽ ഇ യു വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടരുകയാണ്. ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ അഭയാർഥികളെ എത്തിക്കാൻ സഹായിക്കുന്ന മുഴുവൻ പേരെയും ഉപരോധ പരിധിയിൽ കൊണ്ടുവരാനുള്ള ചർച്ചകളാണ് തുടരുന്നത്.
ഉപരോധം ശക്തമാക്കുമെന്ന് ഇ യു കമീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. രാഷ്ട്രീയാവശ്യത്തിനായി അഭയാർഥികളെ ഉപയോഗിക്കുന്നതിനെതിരെ ഇയു ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ചയിലെ യോഗമെന്ന് ഇ യു വിദേശനയ വിഭാഗം തലവൻ ജോസഫ് ബോറൽ പറഞ്ഞു.
മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നടപടിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ യു ഉപരോധത്തിന് പ്രതികാരമായി അഭയാർഥികളെ ബെലറൂസിൻ്റെ പോളണ്ട് അതിർത്തി വഴി കടത്തിവിടുകയാണെന്ന് പോളണ്ട് ഉൾപ്പെടെ ഇ യു അംഗരാജ്യങ്ങൾ ആരോപിച്ചു.