Thu. May 2nd, 2024
പാരിസ്:

ഫ്രഞ്ച് പതാകയുട നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് കടും നീല നിറത്തിലാണ് മാറ്റം വരുത്തിയത്. 1976ന് മുമ്പുള്ള നേവി നീല നിറത്തിലേക്ക് പതാകയിലെ നീല നിറം മാറ്റി.

രണ്ട് വര്‍ഷം മുമ്പ് എലിസി കൊട്ടാരത്തില്‍ നേവി നീല നിറം പതാകയില്‍ ഉപയോഗിച്ചെങ്കിലും അന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 1976ല്‍ അന്നത്തെ പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് എസ്റ്റെയിങ്ങാണ് കടും നീല നിറം മാറ്റി യൂറോപ്യന്‍ യൂണിയന്‍ പതാകയിലെ നിറത്തോട് സാമ്യമുള്ള ഇളം നീലയാക്കിയത്.

1791ലെ പ്രഷ്യന്‍ അധിനിവേശത്തെ ചെറുത്ത വളന്റിയര്‍മാരോടും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികരോടും ആദരസൂചകമായിട്ടാണ് നിറത്തില്‍ മാറ്റം വരുത്തിയത്. എലീസിയുടെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ ആര്‍നോഡ് ജോലന്‍സാണ് നിറം മാറ്റത്തിന് പിന്നില്‍.

പതാകയുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട് ജോലന്‍സ് പ്രസിഡന്റ് മക്രോണിനെ സന്ദര്‍ശിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകരായ എലിയട്ട് ബ്ലോണ്ടറ്റിന്റെയും പോള്‍ ലാറോടുറോ എന്നിവരുടെ പുസ്തകമായ എലീസി കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.