Mon. Dec 23rd, 2024
ഗുജറാത്ത്:

ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ്. ഗുജറാത്തിലെ ജാംനഗറിൽ ഹിന്ദുസേന എന്ന പേരിലുള്ള സംഘമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ 72-ാം വാര്‍ഷികത്തില്‍ പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തകർത്തത്.

ജാംനഗർ കോൺഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയത്. ഇവിടെ കെട്ടിയിരുന്ന കാവിനാട നീക്കിയ പ്രവർത്തകർ പ്രതിമ തകർത്ത് താഴെയിട്ടു.

ഗോഡ്‌സെക്ക് പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തദ്ദേശ ഭരണകൂടം സ്ഥലം അനുവദിച്ചില്ല. തുടർന്ന് ഹനുമാൻ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ‘നാഥുറാം ഗോഡ്‌സെ അമർ രഹെ’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഇത്.