ബംഗ്ലാദേശ്:
വിവാദ പരാമര്‍ശത്തിന് പിന്നാലെ ബംഗ്ലാദേശ് വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി. മുതിര്‍ന്ന ജഡ്ജിമാരുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വനിതാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.
ബലാത്സംഗം നടന്ന് 72 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത പീഡനക്കേസുകള്‍ ബലാത്സംഗമായി രജിസ്റ്റര്‍ ചെയ്യരുതെന്ന വനിതാ ജഡ്ജിയുടെ പൊലീസിനുള്ള നിര്‍ദ്ദേശം ഏറെ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ധാക്കയിലെ വനിതാ ശിശു സംരക്ഷണ ട്രൈബ്യൂണലിനെ വനിതാ ജഡ്ജിയായ ബീഗം മൊസമ്മദ് കമ്രുന്നാഹര്‍ നഹറിനെതിരെയാണ് സുപ്രീം കോടതിയുടെ നടപടി. 2017 ലെ ഒരു ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ ജഡ്ജിയുടെ വിവാദ പരാമര്‍ശം.
കൌമാരക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ ധാക്കയിലെ ബനാനിയില്‍ വച്ച് പീഡിപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു വനിതാ ജഡ്ജി. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതരെ വനിതാ ജഡ്ജി വെറുതെ വിട്ടിരുന്നു.
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു വനിതാ ജഡ്ജിയുടെ വിധി. പൊലീസ് പൊതുജനത്തിന്‍റെ സമയം കളഞ്ഞുവെന്നും ഒരു പീഡനക്കേസും സംഭവം നടന്ന് 72 മണിക്കൂറിന് ശേഷം രജിസ്റ്റര്‍ ചെയ്യരുതെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നു.
സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികളുടെ ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് പീഡനമെന്ന പേരില്‍ പരാതിയായി എത്തിയതെന്നും വനിതാ ജഡ്ജി നിരീക്ഷിച്ചിരുന്നു.