Mon. Dec 23rd, 2024
ചേർത്തല:

മദ്യലഹരിയിൽ അമിത വേഗത്തിൽ സഞ്ചരിച്ച വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് എസ്ഐക്ക് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സൈനികൻ ഉൾപ്പെ‍ടെ 3 പേർ അറസ്റ്റിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു.

ദേശീയപാത പട്രോളിങ് വിഭാഗത്തിൽ ജോലി ചെയ്ത ചേർത്തല ട്രാഫിക് എസ്ഐ അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫനാണ് (55) മൂക്കിന് ഇടിയേറ്റത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം പത്തനാപുരം വെളകുടി പഞ്ചായത്ത് ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ (29), വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി എം വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26)എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഉണ്ടായിരുന്ന കുട്ടു എന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

ജോബിൻ ഉത്തർപ്രദേശിൽ മിലിട്ടറി സിഗ്നൽ വിഭാഗത്തിൽ സിഗ്നൽമാനാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിനു സമീപമായിരുന്നു സംഭവം. സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

കൊച്ചിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു ചേർത്തല സിഐ ബി വിനോദ്കുമാർ പറഞ്ഞു.