Mon. Dec 23rd, 2024
കൊച്ചി:

ഒ ടി ടിയിൽ സിനിമ റിലീസ്‌ ചെയ്യുന്നതിന്‌ ഫെഫ്‌ക എതിരല്ലെന്ന്‌ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനിൽ ഒ ടി ടി റിലീസ്‌ ചിത്രങ്ങൾ പ്രത്യേക വിഭാഗമായി ലിസ്‌റ്റ്‌ ചെയ്യാൻ സംവിധാനം ഉണ്ടാക്കണം. തൊഴിൽ സാഹചര്യം ഉണ്ടാക്കുന്ന ഒരു സംവിധാനത്തെയും ഫെഫ്‌ക എതിർക്കില്ലെന്ന്‌ സംഘടനയുടെ ജനറൽ കൗൺസിൽ യോഗത്തിനുശേഷം അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്​ വേതനം പുതുക്കുന്നത്​ സംബന്ധിച്ച്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൻ്റെ കാലാവധി ആറുമാസത്തേക്ക്‌ നീട്ടി. ഡിസംബറിൽ പുതുക്കേണ്ടതായിരുന്നു കരാർ.

സിനിമയിലെ തൊഴിലവസരങ്ങളെപറ്റി സ്‌ത്രീകൾക്ക്‌ അവബോധമുണ്ടാക്കാൻ എറണാകുളത്ത്‌ ക്യാമ്പ്‌ സംഘടിപ്പിക്കും. ഫെഫ്‌കയിൽ അഫിലിയേറ്റ്‌ ചെയ്ത 19 അനുബന്ധ യൂനിയനിലും ഭാരവാഹിയായി ഒരു സ്‌ത്രീയെയെങ്കിലും ഉൾപ്പെടുത്തും.