ചെറുപുഴ:
കോടികൾ മുടക്കി നിർമിച്ച പാലം ഒടുവിൽ മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു. പയ്യന്നൂർ – പുളിങ്ങോം – ബാഗമണ്ഡല അന്തർസംസ്ഥാന പാതയ്ക്കു വേണ്ടി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിർമിച്ച കോൺക്രീറ്റ് പാലമാണു മാലിന്യ സംഭരണ കേന്ദ്രമായി മാറിയത്. ഹരിതസേനാംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യമാണു പാലത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്നത്.
കോടികൾ മുടക്കി നിർമിച്ച പാലം അവസാനിക്കുന്നതു കർണാടക വനത്തിലാണ്. ഇതുമൂലം കേരളത്തിലെ വാഹനങ്ങൾക്ക് ഇങ്ങോട്ട് പ്രവേശിക്കാനാകുന്നില്ല. കർണാടക വനത്തിനോടു ചേർന്നു കിടക്കുന്ന ആറാട്ടുകടവ് കോളനി നിവാസികൾക്കും ഇതിനടുത്തു താമസിക്കുന്നവർക്കും കർണാടക വനം വകുപ്പിന്റെ അനുമതിയോടെ മാത്രമെ ഇതുവഴി യാത്ര ചെയ്യാനാകൂ എന്നതാണു സ്ഥിതി. ജനപ്രതിനിധികളുടെ വാഹനങ്ങൾക്കും ഇതേ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
എന്നാൽ, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് പാലത്തിലൂടെ സഞ്ചാരിച്ചു കേരളത്തിൽ പ്രവേശിക്കാനാകും. വനത്തിലൂടെ റോഡ് നിർമിക്കാൻ കർണാടക വനംവകുപ്പ് അനുവദിക്കാത്തതാണു പാലം നോക്കുകുത്തിയായി മാറാൻ കാരണമായത്.
ഇപ്പോൾ പാലം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണ് ഉപയോഗിക്കുന്നത്.
ഇതിനിടയിലാണു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പാലത്തിൽ കൊണ്ടുവന്നു കൂട്ടിയിട്ടിരിക്കുന്നത്. വനത്തിൽ നിന്നു കൂട്ടത്തോടെ ഇറങ്ങി വരുന്ന കുരങ്ങുകൾ പ്ലാസ്റ്റിക് നിറച്ച ചാക്കുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഹരിതസേനാംഗങ്ങൾ ശേഖരിച്ച മാലിന്യം വാഹനങ്ങളിൽ കയറ്റാനുള്ള സൗകര്യം നോക്കിയാണു പാലത്തിൽ ഇറക്കിയതെന്നും ഇവ അടുത്ത ദിവസം തന്നെ ഇവിടെ നിന്നു കൊണ്ടുപോകുമെന്നും പഞ്ചായത്ത്അംഗം സിബി എം തോമസ് പറഞ്ഞു.