Mon. Dec 23rd, 2024
മുംബൈ:

കോവിഡ് ഭീതിയിൽ കടകൾ പൂട്ടിയിട്ടപ്പോഴും ജനം വീട്ടിലിരുന്നപ്പോഴും നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ വിവിധ ഷോപ്പിങ് സൈറ്റുകൾ നടത്തിയത് 65,000 കോടി രൂപയുടെ കച്ചവടം.

കഴിഞ്ഞ വർഷം 52,000 കോടി രൂപയുടെ വിൽപനയാണ് ഉത്സവകാലങ്ങളിൽ നടന്നത്. ഉത്സവകാല വിൽപനയിൽ ഫ്ലിപ്കാർട്ട് ആണ് ഇക്കുറി മുന്നിലെത്തിയത്. ആകെ വിൽപനയുടെ 62 ശതമാനം വിപണിവിഹിതവും ഫ്ലിപ്കാർട്ട് കയ്യടക്കി.

പുതുനിര ഉൽപന്നങ്ങളുടെ വരവും ഈസി ഫിനാൻസ് ഓപ്ഷനുകളും ലഭ്യമായതോടെ സ്മാർട് ഫോണുകളാണ് ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ആകെ വിൽപനയുടെ മൂന്നിലൊന്നും സ്മാർട് ഫോണുകളാണ്.

ലോക്ഡൗൺ കഴിഞ്ഞ് ജോലിക്കും മറ്റുമായി ആളുകൾ പുറത്തിറങ്ങിത്തുടങ്ങിയതോടെ ഓൺലൈൻ വസ്ത്രവിൽപനയും കുതിച്ചുകയറിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ വസ്ത്ര വിൽപന. അതേസമയം, ഹോം ഫർണിഷിങ്, ഹോം ഡെകോർ ഉൽപനങ്ങൾ വാങ്ങാൻ ആളുകൾ കുറവായിരുന്നു.