Wed. Jan 22nd, 2025
കൊച്ചി:

അഞ്ചുവർഷത്തിനകം അരലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൊച്ചിയുടെ ഐടി മേഖല. ഇൻഫോപാർക്കിലും സ്‌മാർട്ട്‌ സിറ്റിയിലുമായി 45,000 തൊഴിലവസരങ്ങളാണ്‌ കാത്തിരിക്കുന്നത്‌. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമായി കൊച്ചിയുടെ ഐടി മേഖല ഇതോടെ 1.5 കോടി ചതുരശ്രയടിയാകും. 3000 കോടിയോളം രൂപയുടെ നിക്ഷേപമാണ്‌ ഇതുവഴി കൊച്ചിയിലെത്തുക.

ട്രാൻസ്‌ ഏഷ്യ ഐടി പാർക്ക്, ബ്രിഗേഡ്‌ വേൾഡ്‌ ട്രേഡ്‌ സെന്റർ, ലുലു ടെക്‌ പാർക്ക്‌ എന്നിവയുടെ നിർമാണം ഇൻഫോപാർക്കിൽ പൂർത്തിയായി. നിരവധി കമ്പനികൾ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. മൾട്ടി ലെവൽ പാർക്കിങ്‌, ബാങ്ക്‌ എടിഎം, ഫുഡ്‌ കോർട്ട്‌, വിനോദസൗകര്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ്‌ ലോകോത്തര നിലവാരമുള്ള ഐടി പാർക്കുകൾ.

സാൻഡ്സ് ഇൻഫിനിറ്റ്‌, പ്രസ്റ്റീജ്, മാറാട്ട്‌ ഇൻഫ്ര എന്നീ ഐടി പാർക്കുകളുടെ നിർമാണം സ്‌മാർട്ട്‌ സിറ്റിയിൽ പുരോഗമിക്കുകയാണ്‌. ഐബിഎസ്, കാസ്പിയൻ ടെക് പാർക്ക് പോലെയുള്ള വമ്പൻ ഐടി കമ്പനികളും വരുംവർഷങ്ങളിൽ എത്തും. കോ-ഡെവലപ്പർ മോഡലിലാണ്‌ ഐടി പാർക്കുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുന്നതെന്ന്‌ ഐടി പാർക്ക്‌ സിഇഒ ജോൺ എം തോമസ്‌ പറഞ്ഞു. അന്താരാഷ്‌ട്ര ഐടി കമ്പനികളുമായുള്ള സഹകരണമാണ്‌ ലക്ഷ്യമിടുന്നത്‌.

ഇതുവഴി കൂടുതൽ അന്താരാഷ്‌ട്ര കമ്പനികളെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ജോൺ എം തോമസ്‌ പറഞ്ഞു. മഹാമാരിക്കാലത്തും നിറംമങ്ങാതെ മികച്ച വളർച്ചയിലൂന്നിയ ലാഭം കൊയ്യാനായെന്നതും ഐടി മേഖലയുടെ നേട്ടമാണ്.