Wed. Nov 6th, 2024
ഡൽഹി:

രാജ്യദ്രോഹക്കുറ്റം മുസ്‌ലിംകൾക്ക് മാത്രം ചുമത്താനുള്ളതാണോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ബോളിവുഡ് താരം കങ്കണ രണാവത്തിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്തെ ഉന്നത സിവിലിയൻ പുരസ്‌കാരം ലഭിച്ച ഒരു വനിത പറയുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നാണ്. ഇത് പറഞ്ഞത് ഒരു മുസ്‌ലിമായിരുന്നെങ്കിൽ എന്താവുമായിരുന്നു പ്രതികരണം, അവരുടെ പേരിൽ യുഎപിഎ ചുമത്തും. മുട്ടുകാലിൽ വെടിവെച്ചു വീഴ്ത്തി ജയിലിലടക്കും”-അലിഗഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ഉവൈസി പറഞ്ഞു.

ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണ്, 1947ൽ ലഭിച്ചത് ഭിക്ഷയായിരുന്നു എന്നാണ് ഒരു പരിപാടിയിൽ കങ്കണ പറഞ്ഞത്. ഇതിനെതിരെ വൻ വിമർശനമുയർന്നിരുന്നു.

സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞ കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി-ആർഎസ്എസ് നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പാക് വിജയം ആഘോഷിക്കുന്നവരെ ജയിലിലടക്കുമെന്നാണ് ബാബ (യുപി മുഖ്യമന്ത്രി ആദിത്യനാഥ്) ഭീഷണിപ്പെടുത്തിയത്. എന്നാൽ കങ്കണയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹമോ പ്രധാനമന്ത്രിയോ മിണ്ടുന്നില്ല. എന്തുകൊണ്ടാണ് കങ്കണയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താത്തത്? അത് മുസ്‌ലിംകൾക്ക് മാത്രമുള്ളതാണോ?-ഉവൈസി ചോദിച്ചു.