തൃക്കരിപ്പൂർ:
വീടുകളിൽനിന്ന് ഫീസ് ഈടാക്കി പ്ലാസ്റ്റിക് മാലിന്യം പുനഃചംക്രമണത്തിനായി ശേഖരിക്കുന്ന ഹരിതസേന വളൻറിയർമാർ മാലിന്യം തെരഞ്ഞെടുത്ത് ബാക്കി ഉപേക്ഷിക്കുന്നതായി പരാതി. തൃക്കരിപ്പൂർ തങ്കയം ഭാഗത്ത് ഞായറാഴ്ച പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയവരെ കുറിച്ചാണ് പരാതി. തങ്കയത്തെ അഡ്വ ഇവി സുബൈറിൻറെ വീട്ടിൽ എത്തിയ വളൻറിയർമാർ, ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പുറത്തെടുത്ത് ക്യാരി ബാഗുകളും മറ്റും മാറ്റിവെച്ച ശേഷം ബാക്കിയായവ ഉപേക്ഷിക്കുകയായിരുന്നു.
ഈ വീട്ടിൽനിന്ന് 100 രൂപ ഈടാക്കി രശീതിയും നൽകിയിട്ടുണ്ട്. സ്ത്രീകൾ മടങ്ങിയ ശേഷം വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യം മുറ്റത്ത് വിതറിയ നിലയിൽ ഉപേക്ഷിച്ചതായി കണ്ടത്. വീട്ടുകാർ പഞ്ചായത്ത് പ്രസിഡൻറിനോട് പരാതിപ്പെട്ടു.