Tue. Nov 5th, 2024
തിരുവനന്തപുരം:

നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൗസിങ് ബോര്‍ഡിന്‍റെ കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 75 ഓളം വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

താലൂക്ക് ഓഫീസ് ഉൾപ്പടെ 12 സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതിയെത്തുന്ന നൂറ് കണക്കിന് ആളുകളാണ് മാലിന്യക്കൂമ്പാരം മൂലം ദുരിതത്തിലായിരിക്കുന്നത്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.

നെടുമങ്ങാട് ടൗൺ എൽ പി എസ് സ്കൂളിന് സമീപത്തായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ സാംക്രമിക രോഗത്തിന്‍റെ ഭീഷണിയിലാണ്. മാലിന്യം നീക്കം ചെയ്യാൻ ഹൗസിംഗ് ബോർഡ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ബോർഡുമായും നഗരസഭയുമായും ആലോചിച്ച് മാലിന്യം മാറ്റാനുള്ള നടപടിയെടുക്കുമെന്ന് നെടുമങ്ങാട് തഹസീൽദാർ അറിയിച്ചു.