Wed. Jan 22nd, 2025
ബാഴ്‌സലോണ:

സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസ് ബാഴ്‌സലോണയിൽ. ബ്രസീൽ ക്ലബായ സാവോ പോളോയിൽ നിന്നാണ് 38കാരനായ താരത്തിന്റെ വരവ്. ബാഴ്‌സയുടെ മുൻ താരമായിരുന്നു.
സെവിയ്യയിൽ നിന്ന് 2008-ലാണ് ആൽവസ് ആദ്യമായി ബാഴ്സയിലെത്തുന്നത്.

ക്ലബ്ബിനൊപ്പം 23 കിരീടങ്ങൾ നേടിയ താരം 2016-ൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ൽ ബ്രസീൽ ക്ലബ്ബ് സാവോ പോളോയിലേക്ക് പോയി.സെപ്തംബറിലാണ് ബ്രസീൽ ക്ലബുമായുള്ള കരാർ അവസാനിച്ചത്. ഇതിന് ശേഷം മറ്റൊരു ക്ലബുമായും കരാറിലേർപ്പെട്ടിരുന്നില്ല.

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച വലതുബാക്കുകളിൽ ഒരാളാണ് ആൽവസ്. 2016ൽ ക്ലബ് വിട്ട ശേഷം പറ്റിയ പകരക്കാരനെ കണ്ടെത്താൻ ബാഴ്‌സക്കായിരുന്നില്ല. എട്ടു വർഷം നീണ്ട ബാഴ്‌സ കരിയറിൽ 391 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ട ശേഷം ദുർബലമായ ടീമിനെ കെട്ടിപ്പടുക്കുകയാണ് കോച്ച് സാവിയുടെ മുമ്പിലുള്ള വെല്ലുവിളി. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനായിരുന്ന സാവിയെ വിട്ടുകിട്ടാൻ അഞ്ചു മില്യൺ ഡോളറാണ് ബാഴ്‌സ ചെലവാക്കിയത്.