ന്യൂഡൽഹി:
കേന്ദ്ര അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് ഡയറക്ടർമാരുടെ കാലാവധി.
കാലാവധി അവസാനിക്കുന്നതിന് മുമ്പ് അവരെ സ്ഥാനത്തുനിന്ന് നീക്കാൻ കഴിയില്ലെങ്കിലും കേന്ദ്രസർക്കാറിന് കാലാവധി നീട്ടി നൽകാൻ സാധിക്കും. കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട രണ്ടു ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
ഓർഡിനൻസ് പ്രകാരം, രണ്ടുവർഷ കാലാവധിക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്നുതവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടിനൽകാനാകും. നേരത്തേ, എൻഫോഴ്സ്മെന്റ് ഡയറക്ടറായ എസ്കെ മിശ്രക്ക് കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
2018ൽ ഇ ഡി ഡയറക്ടറായ എസ് കെ മിശ്രക്ക് 2020ൽ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു കേന്ദ്രസർക്കാർ. അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ മാത്രമേ കാലാവധി നീട്ടിനൽകാവൂ എന്നായിരുന്നു കോടതി വിധി.