Wed. Jan 22nd, 2025
എറണാകുളം:

കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്നലെ രാത്രിമുതല്‍ കൊച്ചിയില്‍ ശക്തമായ മഴയാണ്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും ഉണ്ടാകുന്നത്.

ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും കാസർകോടും ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.