പൂച്ചാക്കൽ:
പാണാവള്ളി, വടുതല, പൂച്ചാക്കൽ മേഖലകളിൽ യാത്രക്ലേശം രൂക്ഷമായി. ജോലി, പഠനാവശ്യാർഥം വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പല സമയത്തും പെരുവഴിയിലാകുന്ന അവസ്ഥയുണ്ട്. രാവിലെയും വൈകീട്ടും കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസുകൾക്കായി നെട്ടോട്ടമാണ്.
കിട്ടുന്ന ബസിൽ തിങ്ങിനിറഞ്ഞ് പോകേണ്ടതും ദുരിതമാകുകയാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കുട്ടികൾക്ക് ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് പോകാനും കഴിയുന്നില്ല.
ചേർത്തലയിൽനിന്ന് പൂച്ചാക്കൽ, അരൂക്കുറ്റി വഴി സർവിസ് നടത്തിയിരുന്ന കെ എസ്ആർ ടി സി സർവിസുകളൊന്നും പുനരാരംഭിക്കാത്തതാണ് യാത്രക്ലേശത്തിന് പ്രധാന കാരണം. ഫോർട്ട്കൊച്ചി, തോപ്പുംപടി, കാക്കനാട്, ആലുവ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് ഉണ്ടായിരുന്നതാണ്.മൂന്ന് പതിറ്റാണ്ടായി വളരെ പ്രയോജനകരമായ സർവിസ് നടത്തിയിരുന്ന തിരുവനന്തപുരം ഫാസ്റ്റ് സർവിസ് നിർത്തിയതിൽ വ്യാപക പ്രതിഷേധമുണ്ട്.
സ്വകാര്യ ബസുകൾ പലതും ഓടിത്തുടങ്ങാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ലാഭകരമല്ലാത്തതിനാൽ സർവിസുകൾ മുടക്കുന്ന അവസ്ഥയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എറണാകുളത്തും മറ്റ് പ്രാന്തപ്രദേശങ്ങളിലും പോയി വരുന്നതിന് ഏറ്റവും പ്രയോജനകരമായ സർവിസുകളാണ് ഇതുവരെ പുനരാരംഭിക്കാത്തത്.