Wed. Jan 22nd, 2025
അഗളി:

കൊവിഡ് പ്രതിരോധ കുത്തിവയ്പിനോട് അകലം പാലിച്ചു നിന്ന അട്ടപ്പാടിയിലെ ആദിവാസി ജനതയെ ബോധവൽക്കരിക്കാൻ നാടകവുമായി ഊരുണർത്തൽ യാത്രയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ. യുനിസെഫിന്റെ സഹായത്തോടെ ആദിവാസി സംഘടന തമ്പ് ആണ് ‘ഗവനമെ വെടിവുകാല’ എന്ന നാടകം ഒരുക്കിയിരിക്കുന്നത്.ആദിവാസി ഭാഷയിൽ പരമ്പരാഗത ആട്ടവും പാട്ടുമൊക്കെയായാണു ബോധവൽക്കരണം.

കൊവിഡ് പ്രതിരോധ വാക്സിനേഷൻ ചില പ്രദേശങ്ങളിൽ വേണ്ടത്ര വേഗതയിലല്ലെന്ന കണ്ടെത്തലാണ് ബോധവൽക്കരണം ആവശ്യമാക്കിയത്.വാക്സീനെടുത്താൽ പെട്ടെന്നു മരിക്കുമെന്നു വരെ പ്രചാരണമുണ്ടായിരുന്നു.
കാടും നാടും വാഴുന്ന ദൈവം മാരിയാത്താളിന്റെ കോപമാണ് രോഗങ്ങൾ വരുത്തുന്നതെന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാടകത്തിന്റെ പ്രമേയമൊരുക്കിയിരിക്കുന്നത്.

കുടിലും ഊരും ചുറ്റുപുറവും വൃത്തിയാക്കി കുളിച്ചും രോഗം വന്നയാളെ മാറ്റി പാർപ്പിച്ചും മാത്രയും മരുന്നും ശാപ്പിട്ടും ഊശിയെടുത്തും രോഗത്തെ തോൽപിച്ച വസൂരി കാലം ചിലർക്കെങ്കിലും ഓർമയുണ്ട്. കണ്ടും കേട്ടും പരിചയമില്ലാത്ത കൊറോണ നോയിയെ തുരത്താൻ ആയിരം കൈകളിൽ ആയുധവുമായി മാരിയാത്ത എത്തുന്നു. മാസ്കും സാനിറ്റൈസറും വാക്സീനും സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങളുംമാരിയാത്താളുടെ ആയുധങ്ങളാകുന്നതോടെ കൊറോണ ചത്തുവീഴുന്നു. കൊവിഡിനെ കീഴടക്കിയ ആഹ്ലാദം ആട്ടവും പാട്ടുമാകുമ്പോൾ ഊരൊന്നാകെ ചേരുന്നതോടെ നാടകം പൂർണമാകും.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് അവതരണം. 110 ഊരുകളിൽ പൂർത്തിയായി. സ്കൂളുകളിലും ഹോസ്റ്റലുകളിലുമാണ് ഇപ്പോൾ അവതരണം. ആരോഗ്യ വകുപ്പിന്റെ വാക്സിനേഷൻ സംഘവും കൂടെയുണ്ട്. വാക്സിനേഷന്റെ വേഗം കൂട്ടാൻ നാടകത്തിനായിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായം. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കോഓർഡിനേറ്റർ കെ എ രാമു എന്നിവരാണു സംഘത്തെ നയിക്കുന്നത്.