Thu. Apr 25th, 2024
പെരിയ:

പുല്ലൂർ പെരിയ പഞ്ചായത്തിന്റെ സമ്പൂർണ ശുചിത്വ യജ്ഞത്തിനായുള്ള ബ്രാൻഡ് അംബാസഡറായി അർജുൻ. അർജുൻ അശോകിനൊപ്പം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഇഷ കിഷോറും പുല്ലൂർ പെരിയയുടെ ശുചിത്വ യജ്ഞത്തിന്റെ അംബാസഡറാണ്.

‘ നിങ്ങ ഈ പ്ലാസ്റ്റിക്കെല്ലാം എന്താക്കല്..? കത്തിക്കലാന്ന്…? അതോ തോട്ടിലും കൊളത്തിലും എല്ലാം ചാടലോ..? എന്ത്ന്ന് പ്പാ.. ഈ നാട് നമ്മളയെന്നെയല്ലേ, നമ്മയന്നെയല്ലേ ഈ നാടിനെ നോക്കണ്ട്.. നിങ്ങ ഒരു കാര്യം ചെയ്യറ..ഹരിത കർമസേന എന്ന ഒരു കൂട്ടറ് വരും. വീട്ടിലെ വൃത്തിയാക്കിയ പ്ലാസ്റ്റിക്കെല്ലാം അപ്യക്ക് കൊടുത്തേ…’ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡിനൊപ്പം പ്രേക്ഷകരുടെ കൈയ്യടിയും നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിലെ നായക കഥാപാത്രം അർജുൻ അശോകിന്റെ സംഭാഷണമാണിത്.

പക്ഷേ സിനിമയിലല്ല, ‘സിനിമ സ്റ്റൈലി’ൽ കാഞ്ഞങ്ങാടൻ ഭാഷ ഉപയോഗിച്ച് സംവദിക്കുന്നത് തന്റെ വീടുൾപ്പെടുന്ന പഞ്ചായത്തിലെ ജനങ്ങളോടാണ്. ‘പ്ലാസ്റ്റിക് അപ്യ എംസിഎഫിലേക്ക് കൊണ്ടു പോകും. നമ്മ എല്ലാം ഹരിത കർമ സേനേന്റെ കൂട്ടർക്കൊപ്പം നിക്കണം’ എന്നാണ് അർജുന്റെ അഭ്യർഥന.

പുല്ലൂർ പെരിയയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ജിജേഷ് വി ശശീന്ദ്രനാണ് ശുചിത്വ യജ്ഞത്തിനായി ഈ വാചകങ്ങൾ തയാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ശുചിത്വ യജ്ഞത്തിനായി ബ്രാൻഡ് അംബാസഡർമാരെ നിയമിക്കുന്നതെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ പറഞ്ഞു.