Wed. Nov 6th, 2024
തൊടുപുഴ:

ജില്ലയിലെ 35 പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗജന്യമായി ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഹരിതകേരളം ലാബുകൾ സജ്ജമായി. പഞ്ചായത്തുകളും സ്‌കൂൾ അധികൃതരും തീരുമാനിക്കുന്ന മുറയ്‌ക്ക്‌ ലാബുകളിൽ ജലത്തിന്റെ പരിശോധന സാധ്യമാകും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 36 ലാബിനാണ്‌ എംഎൽഎമാരുടെ പ്രത്യേക ആസ്തിവികസന ഫണ്ടിൽനിന്ന്‌ തുക ലഭ്യമാക്കിയത്.

കരുണാപുരം പഞ്ചായത്തിലെ കൂട്ടാർ എൻഎസ്എസ് സ്‌കൂൾ ലാബ് വേണ്ടെന്ന് അറിയിച്ചു. മാനേജ്‌മെന്റിന് താൽപ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർ കലക്ടർക്ക് കത്ത് നൽകുകയായിരുന്നു. ബാക്കി സ്‌കൂളുകളിലെല്ലാം ലാബുകളുടെ നിർമാണം പൂർത്തിയാക്കി.

ഓരോ സ്‌കൂളിനും 1,25,000 രൂപ വീതമാണ് എംഎൽഎമാർ അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് ലാബുകൾ നിർമിച്ചത്. സ്‌കൂളുകളിലെ ലാബിനോടനുബന്ധിച്ചാണ് എല്ലാ ലാബുകളും ക്രമീകരിച്ചിരിക്കുന്നത്. ബാക്ടീരിയ ഒഴികെയുള്ളവയുടെ പരിശോധനാഫലം 20 മിനിറ്റിനുള്ളിൽ ലഭ്യമാകും.

വെള്ളത്തിന്റെ നിറം, ഗന്ധം, പിഎച്ച്‌ മൂല്യം, ലവണ സാന്നിധ്യം, ലയിച്ചുചേർന്ന ഖരപദാർഥത്തിന്റെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയ, കോളിഫോം എന്നീ ഘടകങ്ങൾ ബിഐഎസ് നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ലാബിലുണ്ടാകും. ബാക്ടീരിയയുടെ സാന്നിധ്യം അറിയണമെങ്കിൽ ഒരു ദിവസം കാത്തിരിക്കേണ്ടി വരും.

ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി അധ്യാപകർക്കാണ് ലാബുകളുടെ ചുമതല. ഇവർക്ക് നേരത്തേ പരിശീലനം നൽകിയിരുന്നു. അഞ്ച് മണ്ഡലങ്ങളിലായി 46.29 ലക്ഷം രൂപയാണ് ജലലാബുകൾക്കായി എംഎൽഎമാർ അനുവദിച്ചത്.