Mon. Dec 23rd, 2024
മേപ്പയൂർ:

വടക്കേമലബാറിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വെളിയണ്ണൂർ ചല്ലിയുടെ വികസന സ്വപ്നങ്ങൾക്കു വീണ്ടും ചിറകു വയ്ക്കുന്നു. കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ കീഴരിയൂർ, അരിക്കുളം, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂർ ചല്ലി അധികൃതർ മനസ്സുവെച്ചാൽ സമീപ ഭാവിയിൽ ജില്ലയുടെ നെല്ലറയാകും. കാർഷിക വികസനത്തിനായി മൈനർ ഇറിഗേഷൻ വകുപ്പ് 20.7 കോടിയുടെ പ്രോജക്ട് റിപ്പോർട്ട് ഇതിനകം തയാറാക്കി.

250 ഹെക്ടർ വിസ്തീർണമുള്ള ചല്ലിയിൽ ജലക്രമീകരണ പദ്ധതി നടപ്പാക്കി പാടശേഖരം പൂർണമായി നെൽക്കൃഷിക്ക് അനുയോജ്യമാക്കുകയാണു പദ്ധതി ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമായാൽ മലബാറിലെ വൻ നെൽപാടമായി വെളിയണ്ണൂർ ചല്ലി മാറും. നെൽക്കൃഷി ചെയ്യാത്ത സ്ഥലത്ത് ജലടൂറിസവും വിഭാവനം ചെയ്യുന്നു.

മൈനർ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ പദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിച്ചു. ഏതാണ്ട് 4,000 കുടുംബങ്ങൾക്കു പദ്ധതി പ്രയോജനപ്പെടും. കിഴക്കുഭാഗത്തുനിന്ന് ഒഴുകി വരുന്ന ചെറോൽ പുഴയുടെയും പിന്നീടു പതിക്കുന്ന രാമർപുഴയുടെയും സംരക്ഷണത്തിനു പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ചെറോൽ പുഴയുടെ പാർശ്വ സംരക്ഷണവും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വിസിബിയും പുതുക്കിപ്പണിയും.

‌‌ഹരിത കേരളം, സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി വെളിയണ്ണൂർ ചല്ലി സംയോജിത കൃഷി വികസനത്തിന് അനുയോജ്യമാണെന്നു വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ പഠനത്തിൽ ബോധ്യമായിട്ടുണ്ട്. പദ്ധതി സർക്കാർ അംഗീകരിച്ചു നടപ്പാക്കിയാൽ നെൽക്കൃഷി, ഔഷധ സസ്യക്കൃഷി, മീൻ വളർത്തൽ, താറാവുവളർത്തൽ എന്നിവയും വെള്ളക്കെട്ട് കൂടുതലുള്ള പുഴയുടെ ഭാഗത്ത് ബോട്ടിങ്ങും നടത്താൻ കഴിയും. മഴക്കാലത്തും വേനൽക്കാലത്തും വെള്ളക്കെട്ടും ഉയർന്ന ചില ഭാഗങ്ങളിൽ ജലക്ഷാമവും നേരിടുന്ന ചില ഭാഗങ്ങൾ ചല്ലിയിലുണ്ട്. കനാൽ ചോർച്ചയാണു വേനൽകാലത്തു ചല്ലിയിൽ വെള്ളക്കെട്ട് ഉയരാൻ ഇടയാകുന്നത്.