Mon. Dec 23rd, 2024
അഹമ്മദ് നഗർ:

കൊടിയ ദാരിദ്യത്തെ തുടർന്ന് മാതാവ് മൂന്നു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വിറ്റു. 1.78 ലക്ഷം രൂപക്കാണ് 32കാരിയായ മാതാവ് കുഞ്ഞിനെ കൈമാറിയത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഷിർദി പട്ടണത്തിലാണ് സംഭവം നടന്നത്.

നവംബർ ഏഴിന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്ത മൻപാഡ പൊലീസ്, കുട്ടിയുടെ മാതാവ് അടക്കം ആറു പേരെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിയെ വാങ്ങിയ മഹാരാഷ്ട്ര മുലുന്ദ് സ്വദേശിയും യുവതിയെ സഹായിച്ച മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ നാലുപേരുമാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി യുവതിയുടെ കുടുംബത്തിനില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ.

മുംബൈയിലെ മുലുന്ദിലെ വീട്ടിൽ വെച്ചാണ് കുഞ്ഞിനെ കൈമാറുന്നതിന്‍റെ ഇടപാടുകൾ നടന്നത്. നിയമപരമായ നടപടികളില്ലാതെ 1.78 ലക്ഷം രൂപ യുവതിക്ക് കൈമാറുകയും ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുലുന്ദ് സ്വദേശിയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നവജാത ശിശുവിനെ കണ്ടെത്തി.