Wed. Jan 22nd, 2025
ആഫ്രിക്ക:

ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികൾ മരിച്ചു. തെക്കൻ നൈജറിൽ വൈക്കോലും മരവും ഉപയോഗിച്ച് നിർമിച്ച സ്‌കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക ഗവർണർ വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു.

‘ഇതുവരെ 26 കുട്ടികൾ മരിച്ചതായും 13 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. അഞ്ച്-ആറ് വയസ് പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്’- മറാഡി സിറ്റി മേയർ ചായ്ബൗ അബൂബക്കർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് നൈജർ. ഇവിടെയുള്ള സ്‌കൂളുകളിൽ ഭൂരിഭാഗവും വൈക്കോലും തടിയും ഉപയോഗിച്ചു നിർമിച്ചവയാണ്. പല സ്‌കൂളുകളിലും കുട്ടികൾ നിലത്തിരുന്നാണ് പഠനം നടത്തുന്നത്.

ഈ വർഷം ഏപ്രിലിൽ ഒരു പ്രീ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. വൈക്കോൽ കൊണ്ട് നിർമിച്ച സ്‌കൂളിലായിരുന്നു അന്നും തീപിടിത്തമുണ്ടായത്.