ഇസ്ലാമാബാദ്:
വരാനിരിക്കുന്ന ഗുരുനാനാക്ക് ദേവിന്‍റെ ജന്മദിന ആഘോഷങ്ങൾക്കായി കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്നും സിഖ് തീർത്ഥാടകരെ പുണ്യസ്ഥലം സന്ദർശിക്കാൻ അനുവദിക്കണമെന്നും പാകിസ്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. 2019 നവംബർ ഒമ്പതിനാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
എന്നാൽ, ഇടനാഴി തുറന്ന് മാസങ്ങൾക്കുള്ളിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവിടം അടക്കുകയായിരുന്നു. ഇന്ത്യ ഇതുവരെ ഇടനാഴിയിലൂടെ യാത്ര അനുവദിച്ചിരുന്നില്ല. നവംബർ 17 മുതൽ 26 വരെ നടക്കാനിരിക്കുന്ന ഗുരുനാനാക്ക് ജന്മദിന ആഘോഷങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് ആതിഥ്യം വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ഇടനാഴി വീണ്ടും തുറക്കണം -പാക് വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പിൽ പറയുന്നു.
നാല് കിലോമീറ്റർ ദൈർഘ്യമുള്ള കർതാർപൂർ ഇടനാഴി ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാൻ വിസ രഹിത പ്രവേശനം നൽകുന്നതാണ്. അനുകൂല ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിഖ് സമൂഹം.