Mon. Dec 23rd, 2024

ന്യൂസിലാന്റ് പര്യടനത്തിലെ ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ യുജ്‌വേന്ദ്ര ചഹാൽ തിരിച്ചെത്തിയപ്പോൾ ഐ പി എല്ലിലെ മികവിന്റെ ബലത്തിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനും വെങ്കടേഷ് അയ്യർക്കും അവസരം ലഭിച്ചു. എന്നാൽ, ഐ പി എല്ലിൽ സെഞ്ച്വറിയടക്കം മികച്ച ഫോം പുലർത്തിയ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാനായില്ല.

2020-21 ഐ പി എൽ സീസണിലെ റൺവേട്ടക്കാരിൽ 484 റൺസുമായി ആറാം സ്ഥാനത്തുള്ള സഞ്ജു സാംസണിന് അവസരം ലഭിക്കാതിരുന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുവന്നു. ‘സഞ്ജുവിന് നീതി’ #JusticeforSanjuSamson എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ തരംഗമാകുന്നത്. സഞ്ജുവിന് നേരെ നടക്കുന്നത് വിവേചനമാണെന്നും ഐ പി എല്ലിലെ മികവിന്റെ പേരിൽ ഇഷാൻ കിഷനും വെങ്കടേഷ് അയ്യരുമടക്കം ടീമിൽ കയറിയപ്പോൾ അവരേക്കാൾ മികച്ച റെക്കോർഡുള്ള മലയാളി താരത്തെ തഴഞ്ഞത് ന്യായീകരിക്കാൻ കഴിയില്ലെന്നും ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ രാത്രി ഇന്ത്യൻ ടീം പ്രഖ്യാപിച്ച വാർത്ത ബി സി സി ഐ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ സഞ്ജുവിനു വേണ്ടിയുള്ള കാംപെയ്ൻ ശക്തമായത്. ഇതിനകം പന്ത്രണ്ടായിരത്തോളം ട്വീറ്റുകൾ ഈ ഹാഷ് ടാഗിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിലെ ഉത്തരേന്ത്യൻ ലോബിയാണ് സഞ്ജുവിന്റെ അവസരങ്ങൾ മുടക്കുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.