Wed. Nov 6th, 2024
തിരുവനന്തപുരം:

ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ ഇതുവരെ പൊലീസിൽ പരാതിപ്പെട്ടി​ല്ലെന്ന്​ വിമർശനം. ദൂരദർശനിലെ തന്നെ ജീവനക്കാരനാണ്​ കുറ്റാരോപിതൻ എന്നതിനാലാണ്​ പൊലീസിൽ റിപ്പോർട്ട്​ ചെയ്യാത്തതെന്നാണ്​​ ചിലർ പരാതി പറയുന്നത്​. സ്ഥാപനത്തിലെ വനിതകള്‍ തന്നെയാണ് ക്യാമറ കണ്ടെത്തിയത്​.

ക്യാമറ കണ്ടെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടാൻ അധികൃതർ തയാറാകാത്തത്​ കേസ്​ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാ​ണെന്നാണ്​ വിമർശനമുയരുന്നത്​.

പരാതി ദൂരദര്‍ശനിലെ തന്നെ വനിതാ സമിതിയും അച്ചടക്ക സമിതിയുമാണ് ആദ്യം അന്വേഷിച്ചത്​. ദൂരദര്‍ശനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ട കേസ്​ പൊലീസിന്​ കൈമാറാത്തതിൽ നിരവധി ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്​.

താല്‍ക്കാലിക ജീവനക്കാരനായ കുറ്റാരോപിതൻ വര്‍ഷങ്ങളായി ദൂരദർശനിൽ തുടരുന്നതെങ്ങനെയാണെന്നും ചോദ്യം ഉയരുന്നുണ്ട്​. സംഭവം വാർത്ത ആയതോടെ വിവിധ പരിപാടികളും മറ്റും അവതരിപ്പിക്കാനായി ദൂരദർശനിൽ എത്തുന്ന പ്രമുഖ വ്യക്തികൾ അടക്കമുള്ളയാളുകൾ ആശങ്കയിലാണ്​.