Sat. Jan 18th, 2025
ചെന്നൈ:

കനത്ത മഴ തുടര്‍ന്നതോടെ പ്രളയത്തിലായ ചെന്നൈയില്‍ പ്രളയബാധിതര്‍ക്ക് താങ്ങായി ‘അമ്മ’ കാന്റീന്‍. ഭക്ഷണമില്ലാതെ ദുരിതത്തിലായവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുകയാണ് അന്തരിച്ച, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ‘അമ്മ’ കാന്റീന്‍.

‘ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്’ കീഴിലാണ് നിലവില്‍ ‘അമ്മ’ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ചെറിയ വിലയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജയലളിതയുടെ ഭരണകാലത്ത് തുടങ്ങിയതാണ് ‘അമ്മ’ കാന്റീന്‍.

തമിഴ് നാട്ടില്‍ മാത്രമല്ല, രാജ്യമൊട്ടാകെ ഈ പദ്ധതി പ്രശസ്തിയാര്ജ്ജിച്ചിരുന്നു. ഇപ്പോള്‍ പ്രളയകാലത്തെ ദുരിതത്തിലും ജനങ്ങള്‍ക്ക് തണലാവുകയാണ് ‘അമ്മ’. ഭക്ഷണവിതരണത്തിന് പലയിടങ്ങളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിനും എത്തിയിരുന്നു.

പ്രളയമുണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കുന്നത് വരെ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. ‘ഗ്രേറ്റര്‍ ചെന്നൈ കോര്‍പറോഷന്‍’ഉം ഭക്ഷണവിതരണം നടത്തുന്നുണ്ട്.