കൊല്ലം:
പുനലൂരിൽ ആദിവാസി യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചതായി പരാതി. ഡോക്ടറുടെ കുറിപ്പിലെ ബാക്കി മരുന്നുകൾ വേറെ കടയിൽ നിന്ന് വാങ്ങി എന്ന കാരണത്താൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ നൽകിയ മരുന്ന് ഉടമ തിരികെ വാങ്ങി എന്നാണ് ആരോപണം.ഉറുകുന്നു ട്രൈബൽ കോളനി നിവാസി ജയക്ക് ആണ് പുനലൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ദുരനുഭവം.
കൂലിപ്പണിക്കാരനായ ഭർത്താവ് ഷിബു ഓപ്പറേഷനുമായി ബന്ധപ്പെട്ട് പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടർ എഴുതി നൽകിയ മരുന്നുകൾ ജയ കാരുണ്യ മെഡിക്കൽ ഷോപ്പിൽ എത്തി കുറഞ്ഞ നിരക്കിൽ വാങ്ങി. എന്നാൽ ഒരു മരുന്ന് അവിടെ ലഭ്യമല്ലായിരുന്നു. മറ്റു പല മെഡിക്കൽ ഷോപ്പുകളിൽ തിരക്കിയെങ്കിലും ലഭിച്ചില്ല.
തുടർന്ന് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിനു എതിർവശം പ്രവർത്തിക്കുന്ന ശ്രീ മഹാലക്ഷ്മി മെഡിക്കൽ ഷോപ്പിൽ എത്തുകയും അവിടുത്തെ ജീവനക്കാരൻ മരുന്ന് നൽകുകയും ചെയ്തതു. എന്നാൽ ഷോപ്പിന്‍റെ ഉടമ മരുന്ന് തിരികെ വാങ്ങി വെച്ചു. മെഡിക്കൽ ഷോപ്പ് ഉടമയുടെ നടപടിക്കെതിരെ ഡ്രഗ്സ് കൺട്രോൾ ബോർഡിൽ പരാതി നൽകാനാണ് ഇവരുടെ തീരുമാനം. ഡോക്ടർ എഴുതി നൽകിയ മരുന്നല്ല കൊടുത്തത് എന്ന കാരണത്താൽ തിരികെ വാങ്ങി വയ്ക്കുകയായിരുന്നു എന്നാണ് മെഡിക്കൽ ഷോപ്പ് ഉടമയുടെ വാദം.