Thu. Apr 25th, 2024
നെടുങ്കണ്ടം:

ഇന്ധന വിലവർദ്ധന ഇവിടെ ബാധകമല്ല! രണ്ടുകെട്ട് പുല്ലും കാടിവെള്ളവുമുണ്ടെങ്കിൽ ഈ വണ്ടി എത്ര വേണമെങ്കിലും ഓടിക്കോളും – ചേറ്റുകുഴിയിലാണ് കാളവണ്ടി യാത്ര ആരംഭിച്ചത്. ചേറ്റുകുഴി കാവിൽ ജോസ്, സഹോദരന്റെ മകൻ റിന്റു എന്നിവരുടേതാണ് വണ്ടികൾ.

4 വർഷം മുൻപാണ് ഗൂഡല്ലൂരിൽ നിന്നു 2 കാളകളെ വാങ്ങിയത്. പാലക്കാട്ടു നിന്നു 2.2 ലക്ഷം രൂപ മുടക്കി വണ്ടിയും എത്തിച്ചു. ഇപ്പോൾ 2 പേർക്കും 2 ജോഡി കാളകളും 2 വണ്ടികളുമുണ്ട്.

പ്രദേശത്ത് വർഷങ്ങൾക്കു ശേഷമാണു കാളവണ്ടിയോടുന്നത്. വിവാഹ ഫോട്ടോഷൂട്ട്, സിനിമാഷൂട്ടിങ്, ടൂറിസ്റ്റുകളുടെ യാത്ര, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്കാണു വാടകയ്ക്കു നൽകുന്നത്. സാധനങ്ങൾ എത്തിക്കാനും നിലംപൂട്ടാനും ഉപയോഗിക്കുന്നുണ്ട്. പുല്ല്, പരുത്തിപ്പിണ്ണാക്ക്, പെല്ലറ്റ്, പരുത്തിക്കുരു, ചോളം, കാടിവെള്ളം എന്നിവയാണ് ‘ഇന്ധനം’.