ചിറയിൻകീഴ്:
യാത്രാനിരോധനം ഏർപ്പെടുത്തിയ കടയ്ക്കാവൂർ-അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള വിദ്യാർത്ഥികളുടെയും തീരദേശവാസികളായ മത്സ്യ വിൽപ്പനക്കാരുടെയും യാത്ര സമീപവാസികളെ ഭയപ്പെടുത്തുന്നു. മാസങ്ങൾക്കു മുൻപാണു നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും ആവർത്തിച്ചുള്ള മുന്നറിയിപ്പു പരിഗണിച്ച് അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ തൂക്കുപാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.വലിയൊരുവിഭാഗം തീരദേശവാസികൾക്കും അഞ്ചുതെങ്ങിലെ രണ്ടു സ്കൂളുകളിൽ പഠനം നടത്തുന്ന 500ൽ അധികം വിദ്യാർത്ഥികൾക്കും കടയ്ക്കാവൂർ-അഞ്ചുതെങ്ങ് പാതയിലൂടെ കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതി വീണ്ടുമെത്തി.
സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളടക്കം പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള തൂക്കുപാലത്തിലൂടെ യാത്ര വീണ്ടും തുടങ്ങിയതു തീരം കേന്ദ്രീകരിച്ചു വ്യാപകഭീതിക്കിടയാക്കിക്കഴിഞ്ഞു.നിലവിൽ ‘തോണിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ : യാത്ര നിരോധിച്ചിരിക്കുന്നു–സെക്രട്ടറി ഗ്രാമപ്പഞ്ചായത്ത് അഞ്ചുതെങ്ങ്’ എന്ന ബോർഡ് പാലത്തിനടുത്തു അധികൃതർ സ്ഥാപിച്ചിട്ടുണ്ടെന്നതു മാത്രമാണു ആശ്വാസമായിട്ടുള്ളത്. പാലത്തിന്റെ ഉരുക്കുചട്ടക്കൂടുകളും ഗർഡറുകളുമടക്കം ഉപ്പുകാറ്റേറ്റു തുരുമ്പുകയറിയ നിലയിലാണ്.
അഞ്ചുതെങ്ങ് കായലിനു കുറുകെ പണിതിട്ടുള്ള പൂർണമായും ലോഹ നിർമിതിയിലുള്ള പാലം കടൽത്തീരവുമായി ഏറെ അടുത്തു സ്ഥിതി ചെയ്യുന്നതുമാണ്. ഇതുമൂലം മൂന്നുവർഷത്തിലൊരിക്കൽ പാലത്തിന്റെ ബലപരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ടെങ്കിലും നാളിതുവരെ ഉണ്ടായിട്ടില്ലെന്നു സമീപവാസികൾ ആക്ഷേപമുയർത്തുന്നു.അഞ്ചുതെങ്ങിൽ കടലാക്രമണവുമായി ബന്ധപ്പെട്ടു ജില്ലാതല ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു തീരദേശവാസികളുടെ സുരക്ഷ കണക്കിലെടുത്തു വർഷങ്ങൾക്കു മുൻപു തൂക്കുപാലം പണിതത്. പാലത്തിലൂടെയുള്ള യാത്ര കർശനമായി നിരോധിച്ചു യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റ പണികൾക്കു വിധേയമാക്കാൻ സർക്കാർതലത്തിൽ അടിയന്തിര നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണിവിടെ.