Wed. Apr 24th, 2024
കോഴഞ്ചേരി:

കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നിന്റെ നിർമാണം ആറന്മുളയിൽ പൂർണമാകുന്നു. ഉദ്ഘാടനം ഉടൻ. 9000 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില കെട്ടിടമാണിത്. 2019ൽ വീണാ ജോർജ് എംഎൽഎയുടെ ശ്രമഫലമായാണ് കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിനു പകരം പുതിയതിന് തറക്കല്ലിട്ടത്.

ആറന്മുള–കോഴഞ്ചേരി റോഡരികിൽ തറയിൽമുക്ക് ജങ്‌ഷനു സമീപമാണ് പൊലീസ് സ്റ്റേഷൻ. 3.18 കോടി രൂപയാണ് ചെലവ്. പ്രളയവും കൊവിഡും അതിജീവിച്ചാണ് പണി പുരോഗമിച്ചത്. മൂന്നുനിലകളുള്ള കെട്ടിടം.

താഴത്തെ നിലയിൽ തന്നെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും, ജനമൈത്രി സേവനങ്ങൾക്കും വേണ്ടിയുള്ള മുറികളും ശൗചാലയങ്ങളുണ്ട്. ഒന്നാം നിലയിൽ പ്രധാന ഉദ്യോഗസ്ഥരുടെ ഓഫീസുകൾ, സ്റ്റേഷനിലെത്തുന്നവർക്കുള്ള വിശ്രമ മുറികൾ, ശൗചാലയങ്ങൾ, കൗൺസിലിങ്‌ ഹാൾ, സ്റ്റോർ, ജനറേറ്റർ – വയർലെസ്‌ മുറികൾ, കംപ്യൂട്ടർ മുറി തുടങ്ങിയവ ഉണ്ടാകും. രണ്ടാം നിലയിൽ സെമിനാർ ഹാൾ, സ്ത്രീ-പുരുഷ ജീവനക്കാരുടെ പ്രത്യേക വിശ്രമമുറികൾ തുടങ്ങിയവയാണ് ഉണ്ടാകുക. ചുറ്റുമതിലിന്റെ പണിയും കിണറിന്റെ നവീകരണവുമാണ് ഇനിയും ബാക്കിയുള്ള പണികൾ. പെയിന്റിങ്‌ അടക്കം പൂർത്തിയായി.