Sun. Nov 24th, 2024
ഫറോക്ക്:

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്’ ഒരുക്കം തുടങ്ങി. ഡിസംബർ 26 മുതൽ 31 വരെ രാവിലെ മുതൽ രാത്രി 10 വരെ വിനോദസഞ്ചാര കേന്ദ്രമായ ബേപ്പൂർ മറീന ജെട്ടിയും പരിസരവും കേന്ദ്രീകരിച്ചുള്ള ജലമേളയ്ക്കായി ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കലാസായാഹ്നവും ഭക്ഷ്യമേളയും കരകൗശല പ്രദർശന- വിപണ പവലിയനും ഉണ്ടാകും.

കയാക്കിങ്, കനേയിങ്, റോയിങ് സ്റ്റാൻഡിങ് അപ് പാഡിങ്, പായ് വഞ്ചിയോട്ട മത്സരം, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നീ കേന്ദ്ര സേനകളുടെ അഭ്യാസപ്രകടനങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അലങ്കരിച്ചുള്ള പരേഡ് എന്നിവയുമുണ്ടാകും. മേള തുടങ്ങി അവസാന ദിവസംവരെയും കോഴിക്കോട് -ബേപ്പൂർ റൂട്ടിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് ഉണ്ടാകും. സമ്പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടികൾ.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ സ്വാഗതസംഘം ഓഫീസ് 13ന് ശനി വൈകിട്ട് ആറിന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ജങ്കാർ ജെട്ടിക്കുസമീപം ഹാർബർ എൻജിനിയറിങ് വിഭാഗം കാര്യാലയമാണ് മേളയുടെ സ്വാഗതസംഘം ഓഫീസായി പ്രവർത്തിക്കുക.