Thu. Dec 19th, 2024

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സ് ആയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു കോഴിക്കോട് ശാരദയുടെ മരണം സംഭവിച്ചത്.

അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവസാന കാലത്ത് സജീവമല്ലായിരുന്നു.

അങ്കക്കുറി എന്ന ചിത്രത്തിലൂടെ 1979ലാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ സീരിയലുകളിലും കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ് കോഴിക്കോട് ശാരദ. ചെറുതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കോഴിക്കോട് ശാരദ ചെയ്‍തിട്ടുണ്ട്.