Thu. Mar 28th, 2024
ന്യൂഡൽഹി:

റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്‍റെ കയ്യിലെത്തിയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.

റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്‍റര്‍സ്റ്റെല്ലാ‍ർ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007 – 2012 കാലത്താണ് ഈ പണം ഇന്‍റർസ്റ്റെല്ലാറിന് ലഭിച്ചത്.

സുഷേൻ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബർ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കി. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടർ ഇടപാടില്‍ പ്രതിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു.

റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ടിലുണ്ട്.ഐടി കരാറുകള്‍ക്കായാണ് പണം നല്‍കിയതെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ദസോ ഏവിയേഷന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും മീഡിയപാർട്ട് വെളിപ്പെടുത്തി. അതേസമയം 2004 – 2013 കാലത്ത് 14 മില്യണ്‍ യൂറോ ദസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സർക്കാരിന് കരാ‌ർ പൂര്‍ത്തിയാക്കാൻ കഴിയാതെ പോയതാണോയെന്നും ബിജെപി പരിഹസിച്ചു.